പറയുവാനുണ്ട് ഒരുപാട്
ഇന്നലെകളിൽ വേരൂന്നി, പടർന്ന് പന്തലിച്ച
ഒരു ബാല്യത്തെ കുറിച്ച്...
സ്ലേറ്റ് മായ്ക്കാൻ മഷിത്തണ്ടാന്വേഷിച്ച്
തൊടിയിലെ ചെടികളോട് കൂട്ടുകൂടിയ
ബാല്യം.
കുടയുടെ തുളയിലൂടെ ഊർന്നുവന്ന
മഴത്തുള്ളികൾ വരച്ചുകാട്ടിയ
ബാല്യം.
കൂട്ടുകാരോടുള്ള ഇണക്കങ്ങളും പിണക്കങ്ങളും
ജീവിതമാക്കിത്തീർത്ത
ബാല്യം.
ചെരുപ്പിടാതെ ഓടിക്കളിച്ച നടപ്പാതകളാൽ
മുന്നോട്ട് നയിക്കപെട്ട
ബാല്യം.
നുണക്കഥകളുടെ കെട്ടഴിക്കലും പൊട്ടിച്ചിരി-
കളുമടങ്ങിയ കുറുമ്പിൻ്റെ
ബാല്യം.
പെൻസിലുകൾ കോറിയിട്ട രൂപങ്ങളാണ്
ലോകമെന്ന് വിശ്വസിച്ച
ബാല്യം.
വിദ്യാലയാങ്കണങ്ങൾ കണ്ണീരിൽ നിന്ന്
ചങ്ങാത്തത്തിൻ്റെ വേദിയായ രൂപമാറ്റത്തിൻ്റെ
ബാല്യം.
നടന്നുവന്നവഴികളിൽ കണ്ടുമുട്ടിയതെല്ലാം കൊണ്ടുവന്ന്
പെട്ടിയിൽ ഒളിച്ചുവെച്ച സമ്പാദ്യങ്ങളുടെ
ബാല്യം.
കേട്ടെഴുത്തുകളുടെ ഉത്കണ്ഠയും ശിക്ഷകളുടെ
കണ്ണീരുമ്മയും കലർന്ന വാത്സല്യത്തിൻ്റെ
ബാല്യം.
ഓർമ്മകളിലെ ബാല്യം ഇന്നും വാടാതെ, കൊഴിയാതെ
പൂത്തുലഞ്ഞു നിൽക്കുകയാണ്... എൻ്റെ ബാല്യം.